ന്യൂയോർക്ക്: ഭരണനേതൃത്വം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് കടുത്ത വിവേചനം കാട്ടുന്നുവെന്നും അവർക്കെതിരായ നിയമങ്ങൾ പാസാക്കുന്നുവെന്നും യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) റിപ്പോർട്ട്.
2020 ല്‍ പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച ഉമര്‍ ഖാലിദിന് ഇതുവരെ ജാമ്യം ലഭിക്കാത്തത് ഇതിന്റെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലാണു വിമർശനം. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിചാരണയില്ലാതെ വര്‍ഷങ്ങളോളം തടവിൽ കഴിയുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വിവേചനപരമായ നിയമങ്ങള്‍ രൂപീകരിക്കുന്നതില്‍ ആര്‍എസ്എസും ബിജെപിയും മുഖ്യപങ്കാണു വഹിക്കുന്നത്. ദേശീയ-സംസ്ഥാന തലത്തില്‍ വിവേചനപരമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നു.
മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും രാഷ്ട്രീയസംവിധാനം മതന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരേ വിവേചനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് മതപരിവര്‍ത്തന നിരോധന നിയമം, പൗരത്വ ഭേദഗതി, ഗോവധ നിരോധനം തുടങ്ങിയ നിരവധി നിയമങ്ങളാണ് പാസാക്കിയിരിക്കുന്നത്.
2014 മുതല്‍ ഇന്ത്യയെ മതേതരരാഷ്ട്രമെന്ന നിലയില്‍നിന്ന് ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ വിഭാഗീയ നിയമങ്ങള്‍ നടപ്പിലാക്കി. ആർഎസ്എസിന്റെ പ്രാഥമികദൗത്യം ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന ധാരണ സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമങ്ങളാണു നടക്കുന്നത്. മുസ്ലിംകൾ, ക്രൈസ്തവർ, യഹൂദർ, ബുദ്ധമതക്കാർ, പാഴ്സികൾ, മറ്റ് മതന്യൂനപക്ഷങ്ങൾ എന്നിവരെ ഒഴിവാക്കിയുള്ള രാഷ്ട്രസങ്കല്പമാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും പരമമായ ലക്ഷ്യം.
മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെടുന്നതിനാൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കാജനകമായ രാജ്യ’ മായി പ്രഖ്യാപിക്കണമെന്നും 2025ലെ വാർഷിക റിപ്പോർട്ടിൽ യുഎസ് സിഐആർഎഫ് ശിപാർശ ചെയ്തിരുന്നു.